![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHbLk1NPxGMypDxcYgzjCBMX79O7f4E82DDnAFgeGYiTSXUDohr-ZYuUyg9Nn4vGQN-Ljt881zPkl_im_Od-opV51z9A96V_yzhmF_EKjfSnmLYridVguxOPS3wPY4yCLLkcgCOjYvGBA/s400/20-nayantara-electra.jpg)
സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഗ്രീക്ക് മിത്തോളജിയിലെ ഇലക്ട്ര രാജകുമാരിയുടെ കഥയുമായി ശ്യമപ്രസാദ് വരുന്നു. ഐതിഹ്യത്തില്‍ നിന്നും കഥാബീജം ഉള്‍ക്കൊണ്ട് ഇലക്ട്ര എന്ന പേരില്‍ തന്നെ ഒരുക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത് ഗ്ലാമറിന്റെ പ്രതിച്ഛായയില്‍ തളച്ചിടപ്പെട്ട താരങ്ങളാണ്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഇലക്ട്രയെ അവതരിപ്പിയ്ക്കുന്നത് തെന്നിന്ത്യയിലെ മുന്‍നിര താരമായ നയന്‍താരയാണ്. ഇലക്ട്രയുടെ അമ്മയായ ഡയാനയെ അവതരിപ്പിയ്ക്കുന്നത് ബോളിവുഡ് താരമായ മനീഷാ കൊയ് രാളയാണ്.
ഒരു കുടുംബ കഥയാണെങ്കിലും ഇലക്ട്രയെ ഫാമിലി-ക്രൈം-ഇന്‍വെസ്റ്റിഗേഷന്‍ മൂവിയായാണ് സംവിധായകന്‍ വിശേഷിപ്പിയ്ക്കുന്നത്. കുടുംബബന്ധങ്ങളുടെ കഥ മാത്രല്ല, കുറ്റാന്വേഷണവും പ്രതികാരവുമെല്ലാം ചിത്രത്തിലുണ്ട്.
മധ്യതിരുവിതാംകൂറിലെ ഒരു സമ്പന്ന തറവാടിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു നീങ്ങുന്നത്. പ്ലാന്റര്‍ എബ്രഹാമിന്റെ തറവാടാണ് അമരത്ത് തറവാട്. ഭാര്യ ഡയാനയുടെ ജീവിതവുമായി എബ്രഹാമിന് മാനസികമായി പൊരുത്തപ്പെടാനാവുന്നില്ല. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ഇവരുടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീഴുന്നു.
മാതാപിതാക്കള്‍ക്കിടയിലെ അകല്‍ച്ച മക്കളായ എഡ്വിനിലേക്കും ഇലക്ട്രയിലേക്കും കൂടി വ്യാപിയ്ക്കുന്നു. ഇത് കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുകയാണ്. ഇതിനിടെ പെട്ടെന്നുള്ള എബ്രഹാമിന്റെ മരണം കുടുംബബന്ധങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുന്നു.
അപ്പന്റെ മരണത്തിന് പിന്നില്‍ ചില ദുരൂഹതകളുണ്ടെന്നും അതില്‍ അമ്മ ഡയാനയ്ക്ക് പങ്കുണ്ടെന്നും ഇലക്ട്ര അറിയുന്നു. അതവളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുകയാണ്. മരണത്തിന് പിന്നിലുള്ള ദുരൂഹതകള്‍ തേടിയുള്ള ഇലക്ട്രയുടെ നീക്കങ്ങളും പ്രതികാരവുമാണ് സിനിമയെ പിന്നീട് മുന്നോട്ടു നയിക്കുന്നത്.
ഇലക്ട്രയുടെ പിതാവായ എബ്രഹമായെത്തുന്നത് തെന്നിന്ത്യന്‍ താരംപ്രകാശ് രാജാണ്. ഇതിന് പുറമെ ഇസഹാക്ക് എന്ന കഥാപാത്രവുമായും അദ്ദേഹം വേഷമിടുന്നുണ്ട്. അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ വേഷത്തില്‍ ബിജു മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നു.
ശ്യാമപ്രസാദും കിരണ്‍ പ്രഭാകറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്. സാനു ജോണ്‍ വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ ക്യാമറമാന്‍. രസിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിന്ധ്യന്‍ നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിയ്ക്കുകയാണ്.
No comments:
Post a Comment